കാസര്‍കോട്: രാജ്യ സംരക്ഷണ സേവനത്തിനിടയില്‍ അപകടത്തില്‍പ്പെട്ടു സൈനിക സേവനത്തില്‍ നിന്നു വിരമിക്കേണ്ടി വന്ന സൈനികന്‍ എടനീര്‍ എതിര്‍ത്തോടു സ്വദേശി ഇ.വി ശ്യാമരാജിനെ ഉഡുപ്പി ശാസ്താനഗര്‍ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞുവച്ചു അധിക്ഷേപിച്ചു.
കാസര്‍കോട്ട് ടോള്‍പിരിവു സംബന്ധിച്ച വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് കാസര്‍കോട്ടുകാരനായ വീര സൈനികന് ഉഡുപ്പിയില്‍ ടോള്‍പിരിവുമായി ബന്ധപ്പെട്ടു ദുരനുഭവമുണ്ടായത്.
ഞായറാഴ്ച കാസര്‍കോട്ട് നിന്നു കാറില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ആയിരുന്നു ഇത്. സൈനികനെന്ന നിലയില്‍ അര്‍ഹതപ്പെട്ട ടോള്‍ ഇളവ് ടോള്‍ബൂത്തുകാര്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ കാണിച്ചിട്ടും ടോള്‍ കടത്തി വിടാന്‍ അവര്‍ വിസമ്മതിച്ചു. തടഞ്ഞുവച്ച കാറില്‍ നിന്ന് ചക്രക്കസേരയില്‍ ഇറങ്ങി രംഗം ശ്യാമരാജ് വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പ്രശ്നം ചൂടുപിടിച്ചതോടെ മുതിര്‍ന്ന ജീവനക്കാരനെത്തി സൈനികനോടു മാപ്പു പറഞ്ഞു. സൈനിക ഉദ്യോഗസ്ഥയായ ഭാര്യയെ കാണാന്‍ കാറില്‍ ഡല്‍ഹിയിലേക്കു പോവുകയായിരുന്നു ശ്യാമരാജ്. ഇന്ത്യന്‍ സേനയിലെ സ്പെഷ്യല്‍ ഫോഴ്സ് കമാന്റോ ആയിരുന്നു ശ്യാമരാജ്. സംഭവത്തില്‍ ബ്രാഹ്‌മണ മഹാസഭ ജില്ലാ കണ്‍വീനര്‍ ജയനാരായണ തായന്നൂര്‍ പ്രതിഷേധിച്ചു. ധിക്കാരികളായ ടോള്‍ ബൂത്ത് ജീവനക്കാരെ നിലക്കു നിറുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.







