അമരാവതി: ജനസേന എംഎല്‍എ അരവ ശ്രീധറിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരി. വിവാഹ വാഗ്ദാനം നല്‍കി ജനസേന എംഎല്‍എ അരവ ശ്രീധര്‍ ഒരു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ യുവതിയുടെ ആരോപണം എംഎല്‍എ നിഷേധിച്ചു.
2024 ല്‍ റെയില്‍വേ കൊഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ശ്രീധര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്നാണ് യുവതി പറയുന്നത്. തന്നെ ഒരു കാറില്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധര്‍ ആക്രമിച്ചുവെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയായിട്ടുണ്ടെന്നും എംഎല്‍എ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. വിവാഹമോചനം നേടാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കണമെന്ന് പറഞ്ഞ് തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവതി വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
അബോര്‍ഷന്‍ നടത്തിയാല്‍ നീ രക്ഷപ്പെടുമെന്നും കുടുംബം നന്നാകുമെന്നും ജോലി നന്നാകുമെന്നും എംഎല്‍എ പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍, നിനക്ക് എന്നെ അറിയാമല്ലോ എന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നു യുവതി പറഞ്ഞു. ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്തില്ലെന്ന് അറിയിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. പരാതിക്ക് പിന്നാലെ ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ റായപതി ശൈലജ യുവതിയുമായി ഫോണില്‍ സംസാരിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണത്തിനുശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.







