ഭോപ്പാല്‍: പ്രണയിച്ച് വിവാഹം കഴിക്കുന്നത് തെറ്റാണോ എന്നാണ് മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പഞ്ചേവ ഗ്രാമവാസികളുടെ ചോദ്യം. കാരണം ഈ ഗ്രാമത്തില്‍ പ്രണയ വിവാഹത്തിനെതിരെ പരസ്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നത്തെ തലമുറയില്‍പ്പെട്ട ആരെങ്കിലും ഇത്തരം വിലക്കിനെതിരെ പ്രതികരിക്കാതിരിക്കുമോ? പ്രണയം എന്നത് മനസ്സില്‍ വരുന്ന വികാരമാണ് അത് വേണ്ടെന്ന് വയ്ക്കാന്‍ എങ്ങനെ കഴിയും എന്നാണ് ഇവരുടെ ചോദ്യം.
മാത്രമല്ല പ്രണയ ബന്ധത്തിലുള്ള പലര്‍ക്കും ഈ വിചിത്രമായ വിലക്ക് നടപടി കാരണം വിവാഹം കഴിക്കാനും കഴിയില്ല. പ്രണയിനികള്‍ക്ക് മാത്രമല്ല ഗ്രാമം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്, അവരുടെ കുടുംബത്തിന് ഒന്നടങ്കമാണ് പരസ്യമായ സാമൂഹിക ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കുടുംബങ്ങളുമായി സാമ്പത്തികമായി ഇടപാടുകള്‍ നടത്തുകയോ, സാമൂഹികമായി അടുപ്പം പുലര്‍ത്തുകയോ ചെയ്യില്ലെന്നാണ് തീരുമാനം.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 18 വയസ്സുള്ള സ്ത്രീക്കും 21 വയസ്സുള്ള പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ നിയമപരമായ അവകാശമുണ്ട്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ഇത്തരം നടപടികള്‍ അപമാനകരമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പ്രണയ വിവാഹം കഴിച്ചാല്‍ ആ കുടുംബങ്ങളെ ഗ്രാമത്തിലെ പരിപാടികളിലേക്ക് ക്ഷണിക്കില്ല, പാല്‍ പോലുള്ള ആവശ്യങ്ങള്‍ നിഷേധിക്കപ്പെടും, തൊഴില്‍ നല്‍കില്ല, വീട്ടില്‍ പണിയുണ്ടെങ്കില്‍ തൊഴിലാളികളെയും നല്‍കില്ല, ഗ്രാമത്തിലെ എല്ലാ സാമ്പത്തിക, സാമൂഹിക ഇടപെടലുകളില്‍ നിന്നും അവരെ മാറ്റി നിര്‍ത്തും, ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല, ആരെങ്കിലും ഈ ഉത്തരവ് ലംഘിച്ച് പ്രണയ വിവാഹിതരുടെ വീട്ടില്‍ ജോലിക്ക് പോവുകയോ, അവരെ ജോലിക്ക് വിളിക്കുകയോ, സഹകരിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെയും ബഹിഷ്‌കരണമുണ്ടാകും എന്നാണ് ഭീഷണി.
നാട്ടില്‍ പ്രണയിച്ചുള്ള മിശ്രവിവാഹങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തില്‍ കടുത്ത നടപടികള്‍ എടുക്കാന്‍ ഗ്രാമത്തിലുള്ളവരെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. വിചിത്ര ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ജന്‍പദ് സിഇഒയും ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തി ഉത്തരവ് നിലനില്‍ക്കില്ലെന്ന് ഗ്രാമവാസികളെ അറിയിച്ചു. ഈ സാമൂഹിക ബഹിഷ്‌കരണം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്, ഔപചാരികമായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് എസ്.ഡി.ഒ.പി സന്ദീപ് മാളവ്യ പറയുന്നു.







