വഡോദര: മദ്യഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ മൂന്നു വാഹനങ്ങളില്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ (53) അറസ്റ്റില്‍. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ന് അകോട്ടയില്‍ നിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്.യു.വി കാര്‍, വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഇവയ്ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്തെത്തിയ പൊലീസ്, ജേക്കബ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രഞ്ജി ട്രോഫിയില്‍ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാര്‍ട്ടിന്‍, ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2001ല്‍ കെനിയയ്ക്കെതിരെയായിരുന്നു അവസാന മത്സരം. ഇതാദ്യമായല്ല ജേക്കബ് മാര്‍ട്ടില്‍ കേസില്‍പ്പെടുന്നത്. 2011ല്‍ മനുഷ്യക്കടത്ത് കേസില്‍ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മാര്‍ട്ടിന് ഗുരുതരമായി പരുക്കേറ്റിരുന്നു.







