ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതി രഹിത ഭരണം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. അഴിമതിയും കോഴയും ഇല്ലാത്ത ഭരണം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. രാജ്യത്തെ ഓരോ രൂപയും സര്‍ക്കാര്‍ ജനങ്ങളുടെ വികസനത്തിനായി വിനിയോഗിക്കുന്നു. പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തരായെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
നാലു കോടി വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. പന്ത്രണ്ടര കോടി ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചു. ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകള്‍ എത്തിച്ചു. പത്തുകോടിയിലധികം പേര്‍ക്ക് എല്‍പിജി കണക്ഷന്‍ ലഭിച്ചു. രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാര്‍ക്ക് ഇപ്പോള്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ നെറ്റ്വര്‍ക്ക് ആയി മാറി.
ഇന്ന് നൂറിലധികം രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നു ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇന്ത്യ അന്താരാഷ്ട്ര സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര പ്രകാശ നിലയം നിര്‍മ്മിക്കാനുള്ള യാത്രയിലാണ്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് പറഞ്ഞ രാഷ്ട്രപതി കരാര്‍ ഒപ്പുവച്ചതില്‍ ആശംസകള്‍ അറിയിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ നൂറ്റാണ്ടിന്റെ ആദ്യ 25 വര്‍ഷങ്ങള്‍ നിരവധി വിജയങ്ങളും, അഭിമാനകരമായ നേട്ടങ്ങളും നിറഞ്ഞതാണ്. ദളിതര്‍, പിന്നോക്കക്കാര്‍, ആദിവാസി സമൂഹം തുടങ്ങി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. സബ്കാ സാത്ത് സബ്കാ വികാസ് എന്ന സര്‍ക്കാരിന്റെ ദര്‍ശനം തന്നെ, ഓരോ പൗരന്റെയും ജീവിതത്തില്‍ മികച്ച സ്വാധീനം ചെലുത്തുക എന്നതാണ്. 2014 ന്റെ തുടക്കത്തില്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ 25 കോടി പൗരന്മാരില്‍ മാത്രമേ എത്തിയിരുന്നുള്ളൂ എങ്കില്‍, ഇപ്പോള്‍ 95 കോടി ഇന്ത്യക്കാര്‍ക്ക് ലഭ്യമായിരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
അതേസമയം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രണ്ടാം തവണയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി വിഷയത്തില്‍ പ്രതിപക്ഷം ബഹളം വയ്ക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.







