കുമ്പള:
ഹോട്ടലിലെ മലിനജലം സമീപത്തെ ഓടയിൽ ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് കുമ്പളയിലെ ശ്രീ കൃഷ്ണ ഹോട്ടലിന് കുമ്പള ഗ്രാമപഞ്ചായത്ത് അമ്പതിനായിരം രൂപ പിഴയീടാക്കാൻ നോട്ടീസ് നൽകി. രാത്രി കാലത്ത് മോട്ടോർ ഉപയോഗിച്ച് ഓടയിലേക്ക് മലിന ജലം ഒഴുക്കിക്കളയുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന്
പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഹോട്ടലിൽ നിന്നുള്ള മലിനജലം നിയമവിരുദ്ധമായി ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്.ഇതുസംബന്ധിച്ചു കാരവൽ മീഡിയഇന്ന് രാവിലെ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മലിനജലം ഓവുചാ ലിൽ ഒഴുക്കുന്ന തുമൂലം പരിസര പ്രദേശങ്ങളിൽ ഗുരുതരമായ പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കേരള പഞ്ചായത്ത് രാജ് നിയമവും ശുചിത്വ-മാലിന്യ സംസ്കരണ ചട്ടങ്ങളും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിഎന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ പിവി പരിശോധനക്ക് നേതൃത്വം നൽകി. ഇത്തരത്തിലുള്ള അനധികൃത പ്രവൃത്തികൾ ആവർത്തിക്കപ്പെടുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് പരിശോധനകളും നടപടികളും തുടരുമെന്നും അധികൃതർ അറിയിച്ചു.ഇത്തരത്തിൽ മാലിന്യങ്ങൾ മറ്റു ചിലരും ഓവുചാലിൽ ഒഴുക്കുന്നതായി സംസാരമുണ്ടെന്നും അതുസംബന്ധിച്ചും അന്വേഷണം തുടരുന്നുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.







