കാസര്‍കോട്: ബേക്കല്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, കാട്ടിയടുക്കത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ദേവകിയെന്ന വീട്ടമ്മയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. നാടിനെ നടുക്കിയ കൊലപാതകത്തിന് ഒമ്പത് വര്‍ഷമായ സാഹചര്യത്തിലാണ് പുതിയ അന്വേഷണ തന്ത്രങ്ങളുമായി സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷണത്തിനു ഇറങ്ങുന്നത്. ഇത് സംബന്ധിച്ച്, ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മധുസൂദനന്‍ നായര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്.
2017 ജനുവരി 13ന് വൈകുന്നേരമാണ് ദേവകിയെ റോഡരികിലുള്ള ചെറിയ ഒറ്റമുറി വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചിലെ വിവിധ ഉദ്യോഗസ്ഥരും മാറി,മാറി അന്വേഷിച്ചിട്ടും നാടിനെ നടുക്കിയ കൊലപാതകത്തിനു പിന്നിലെ കറുത്ത കൈകള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആരാണ് കൊലയാളികള്‍? എന്തിന് കൊന്നു?- നാട്ടുകാരും ബന്ധുക്കളും വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നാളിതുവരെ കേസ് അന്വേഷിച്ച ഒരു ഉദ്യോഗസ്ഥനും കഴിഞ്ഞിട്ടില്ല.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ ഉള്‍പ്പെടെയുള്ളവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആക്ഷന്‍ കമ്മിറ്റി രൂപീകരണവും നിയമസഭയില്‍ ചോദ്യവും ഒക്കെയായി ദേവകി കൊലക്കേസ് കേരളം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ കൊലയാളികളെ ഉടന്‍ പിടികൂടുമെന്നായിരുന്നു മറുപടി.പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊലയാളികള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണസംഘം പുതിയ അന്വേഷണ തന്ത്രങ്ങളുമായി വീണ്ടും കാട്ടിയടുക്കത്ത് എത്തുന്നത്. കൊല്ലപ്പെട്ട ദേവകിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച മുടിനാരിലാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. അടിഭാഗം നഷ്ടപ്പെട്ട നിലയില്‍ കാണപ്പെട്ട മുടി നാര് ഒരുതവണ കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ആ പരിശോധനയില്‍ മുടിയിഴയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രസ്തുത പരിശോധന തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയാല്‍ കൊലയാളിയിലേക്ക് എത്തിച്ചേരാം എന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ആയിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പനയാലില്‍ ക്യാമ്പ് ഓഫീസ് തുറന്ന് രണ്ട് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ മാസങ്ങളോളം അന്വേഷിച്ചിട്ടും തുമ്പുണ്ടാകാത്ത കേസ് ദൃക്സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ലാത്ത ദുരൂഹത നിറഞ്ഞതും കെട്ടു പിണഞ്ഞതുമായ കൊലക്കേസ്. പുതിയ അന്വേഷണ സംഘത്തിനെങ്കിലും ദേവകിയുടെ ഘാതകരെ കണ്ടെത്താന്‍ കഴിയുമോ?. നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ലെങ്കിലും ഘാതകരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം.







