തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. ഇന്ന് ചേര്‍ന്ന എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡാണ് എസ്.എന്‍.ഡി.പി യുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. ഐക്യം വേണ്ടെന്ന് പ്രമേയം പാസാക്കിയത് താന്‍ തന്നെയെന്നും എന്‍.എസ്.എസിന് എല്ലാ പാര്‍ട്ടികളോടും സമദൂരമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടര്‍ ബോര്‍ഡിലെ ഭൂരിഭാഗം പേരും എതിര്‍ത്തതോടെയാണ് സംയുക്ത നീക്കത്തില്‍ നിന്ന് സംഘടന ഔദ്യോഗികമായി പിന്മാറിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമുള്ള ചിന്തയിലാണ് തീരുമാനമെന്നും ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
എസ്.എന്‍.ഡി.പി യുടെ രാഷ്ട്രീയ നീക്കത്തില്‍ സംശയമുണ്ടെന്നും എന്‍.ഡി.എ നേതാവായ മകനെ ദൂതനാക്കിയത് ശരിയായില്ലെന്നും, അച്ഛന്‍ മകനെ ചര്‍ച്ചയ്ക്ക് വിട്ടുവെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍.എസ്. എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഡയറക്ടര്‍ ബോര്‍ഡിന്റെ അറിയിപ്പില്‍ ഒപ്പുവച്ചിട്ടുള്ളതും സുകുമാരന്‍ നായര്‍ തന്നെയാണ്.
നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും കൂടിക്കാഴ്ച നടത്തി ഐക്യ നീക്കം ശക്തമാക്കിയിരുന്നു. അതിനിടെയാണ് പെട്ടെന്നുള്ള പിന്മാറ്റം.
അതേസമയം കൂടുതല്‍ പഠിച്ചശേഷം മറുപടി നല്‍കുമെന്നാണ് പിന്‍മാറ്റത്തെ കുറിച്ച് വെള്ളാപ്പള്ളിയുടെ പ്രതികരണം.







