ന്യൂഡെൽഹി:രാജ്യം സ്വതന്ത്ര പരമാധികാര രാജ്യമായതിന്റെ എഴുപത്തിയേഴാം വാർഷികം ഇന്ന് അഭിമാനകരമായി രാജ്യം ആഘോഷിക്കുന്നു. ന്യൂഡെൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പുഷ്പചക്രം അർപ്പിക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് അന്റോണിയോ ക്രോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല ഫൊണ്ടെ ലെയ്ൻ ആഘോഷത്തിൽ വിശിഷ്ടാതിഥികളായിരിക്കും .രാജ്യം ഇതിനകം കൈവരിച്ച ശാസ്ത്ര- സാങ്കേതിക നേട്ടങ്ങളുടെ ശക്തി പ്രകടനവും പരിപാടിയിൽ ഉണ്ടാകും. രാജ്യത്തിൻറെ സാംസ്കാരിക -കലാ പൈതൃകങ്ങൾ വിളംബരം ചെയ്യുന്ന ദൃശ്യങ്ങളും കലാരൂപങ്ങളും ആഘോഷത്തിന് പൊലിമ പകരും. വന്ദേമാതരത്തിന്റെ 150 വാർഷികം പ്രമാണിച്ച് ദേശീയഗീതത്തിന്റെ ആത്മാവും ചൈതന്യവും പരേഡിൽ നിറയും. ഇന്ത്യൻ സേനയുടെ യുദ്ധ വ്യൂഹ മാതൃകയ്ക്കൊപ്പം യൂറോപ്യൻ യൂണിയൻ സൈനിക സംഘവും പരേഡിൽ അണിനിരക്കും. രാവിലെ 10:30ന് ആണ് റിപ്പബ്ലിക് പരേഡ് ആരംഭിക്കുക. 90 മിനിറ്റ് നീണ്ടുനിൽക്കും. സംസ്ഥാന തലസ്ഥാനങ്ങളിൽ ഗവർണർമാരും ജില്ലാതലങ്ങളിൽ മന്ത്രിമാരും റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാകകൾ ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ പതാക ഉയർത്തും. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാകയെ അഭിവാദ്യം ചെയ്യും. കലാവതരണങ്ങളും ഉണ്ടാവും.







