77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; എങ്ങും അതീവ സുരക്ഷ; രാഷ്ട്രപതിയുടെ അഭിസംബോധന ഞായറാഴ്ച രാത്രി 7 മണിക്ക്

ന്യൂഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണക്കായാണ് ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സമയമാണ് റിപ്പബ്ലിക് ദിനം.

ഡല്‍ഹി കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വൈകുന്നേരം ഏഴുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പത്മാപുരസ്‌കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് എങ്ങും ഒരുക്കിയിരിക്കുന്നത്.

രാജ്യം ഇതുവരെ നേടിയ സൈനിക കരുത്തിന്റെയും വികസനനേട്ടങ്ങളുടെയും വിളംബരമാണ് ഒരോ റിപ്പബ്ലിക് ദിന പരേഡും. നാഷണല്‍ വാര്‍ മെമ്മോറിയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമാകുക.

കര്‍ത്തവ്യപഥിലൂടെ കടന്നു പോകുന്ന സൈനിക അര്‍ധ സൈനിക വിഭാഗങ്ങളും കലാകാരന്മാരും നിശ്ചലദൃശ്യങ്ങളും രാജ്യത്തിന്റെ നേട്ടങ്ങളുടെ കഥകളാണ് പങ്കുവെക്കുന്നത്. 77 വര്‍ഷത്തെ കരുത്തിനെ അനാവരണം ചെയ്യുന്ന ഇത്തവണത്തെ പരേഡ് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും രാജ്യം ഭീകരതയെ തകര്‍ത്തെറിഞ്ഞ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന മഹാവിജയത്തിന്റെ ദിനങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കും. കര -നാവിക- വ്യോമസേനകളുടെ പ്രകടനങ്ങളാണ് ഒരോ പരേഡിലെയും പ്രധാന ആകര്‍ഷണം. ഒപ്പം ചിട്ടയോടെ ചുവടു വെയ്ക്കുന്ന അര്‍ധസൈനിക വിഭാഗങ്ങളും എന്‍സിസി കേഡറ്റുകളുമുണ്ടാകും.

കരസേനയില്‍ പുതിയതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയനും ഇതാദ്യമായി കര്‍ത്തവ്യപഥിലേക്ക് എത്തും. ഒപ്പം കൗതുകകാഴ്ചയായി കരസേനയുടെ മൃഗസംരക്ഷണ വിഭാഗവും ഉണ്ടാകും. മൂന്ന് സേനകളുടെ ബാന്‍ഡ് സംഘവും പരേഡിന് കൊഴുപ്പേകും. വ്യോമസേന ഒരുക്കുന്ന 29 വിമാനങ്ങളുടെ ആഭ്യാസപ്രകടനം ഇത്തവണ തലസ്ഥാന നഗരിയുടെ ആകാശത്ത് വിസ്മയം ഒരുക്കും. റഫാല്‍, സുഖോയ് മിഗ് അടക്കം യുദ്ധവിമാനങ്ങള്‍ ഒരുക്കുന്ന സിന്ദൂര്‍ ഫോര്‍മേഷനും ഇത്തവണ മനോഹര കാഴ്ചകളൊരുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ള മൊത്തം 30 ടാബ്ലോകള്‍ കാര്‍ത്തവ്യ പഥിലൂടെ നീങ്ങും. വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 10,000 പേര്‍ പ്രത്യേക അതിഥികളാകും.

കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ അഭിമാനമാകാന്‍ എന്‍സിസി ബാന്‍ഡ് സംഘവുമുണ്ട്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ബാന്‍ഡ് സംഘം പരേഡില്‍ അണിനിരക്കുന്നത്. 174 പേരാണ് കേരളത്തെയും ലക്ഷദ്വീപിനെയും പ്രതിനിധീകരിച്ച് ഡല്‍ഹിയിലെ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും 45 കുട്ടികളുണ്ട്.

ഇതില്‍ 29 പേരും തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സംഘം ദേശീയ യുദ്ധ സ്മാരകത്തില്‍ ബാന്‍ഡ് അവതരിപ്പിച്ച് അഭിവാദ്യം അര്‍പ്പിച്ചു. ധീര ജവാന്മാര്‍ക്കുള്ള മ്യൂസിക്കല്‍ സല്യൂട്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായി കേരളത്തിലെ പെണ്‍കുട്ടികളുടെ ബാന്‍ഡ് സംഘം പരേഡില്‍ അണിനിരന്നിരുന്നു. ദേശീയ തലത്തില്‍ അഞ്ച് ബാന്‍ഡ് സംഘങ്ങളാണ് ഡല്‍ഹിയിലെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥികളായെത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ്.

കേരളത്തിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, എന്‍.സി.സി യുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തുകയും പൊലീസ്, ഹോം ഗാര്‍ഡ്‌സ്/ എന്‍.സി.സി. സ്‌കൗട്ട്‌സ് എന്നിവയുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് കാസര്‍കോട്ടും വിപുലമായ ആഘോഷങ്ങളാണ് നടത്തുന്നത്. രാവിലെ ഒമ്പതുമണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page