ആലപ്പുഴ: പരിസ്ഥിതി സംരക്ഷക ആലപ്പുഴ മുതുകുളം സ്വദേശിനി ദേവകി അമ്മയ്ക്ക്(92) പത്മശ്രി പുരസ്‌ക്കാരം. മുതുകുളത്ത് അഞ്ചേക്കര്‍ സ്ഥലത്ത് മരങ്ങള്‍ നട്ടുവളര്‍ത്തിയാണ് ദേവകിയമ്മ മാതൃകയായത്. വനമിത്ര പുരസ്‌ക്കാരം നല്‍കി രാജ്യം ദേവകിയമ്മയെ ആദരിച്ചിരുന്നു. പത്മശ്രീ പുരസ്‌ക്കാരം ലഭിച്ച 45 പേരുടെ പട്ടികയിലാണ് ദേവകിയമ്മ ഇടംനേടിയത്.
അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും എല്ലാം ഈശ്വരന്റെ അനുഗ്രഹമാണെന്നും മക്കളോടും കൊച്ചുമക്കളോടും സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതെന്നും ദേവകിയമ്മ പറഞ്ഞു.
ഒരു അപകടത്തില്‍പ്പെട്ട് വര്‍ഷങ്ങളോളം കിടപ്പിലായിരുന്നു, സുഖം പ്രാപിച്ചശേഷമാണ് വീട്ടുവളപ്പില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി തുടങ്ങിയത്. മരങ്ങളും ചെടികളും പൂക്കളും, ഔഷധ സസ്യങ്ങളും എന്നുവേണ്ട എല്ലാതരത്തിലുള്ള വൃക്ഷങ്ങളും നട്ടുവളര്‍ത്താറുണ്ട്. ഈ വൃക്ഷ തൈകള്‍ കാണാന്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരും എത്താറുണ്ട്. സ്‌കൂളുകളില്‍ നിന്നും മറ്റും വിദ്യാര്‍ത്ഥി സംഘങ്ങളും എത്താറുണ്ടെന്നും ദേവകിയമ്മ പറഞ്ഞു.







