ന്യൂഡല്‍ഹി: വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ആപ്പുകളില്‍ എഐ ഉപയോഗിച്ച് സാങ്കല്‍പിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും കൗമാരക്കാര്‍ക്ക് കടിഞ്ഞാണിട്ട് മെറ്റ. താല്‍ക്കാലികമായാണ് വിലക്കെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ തന്നെ ഫോളോവര്‍മാരുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന എഐ കാരക്ടറുകള്‍ നിര്‍മിക്കാനാവുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചര്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് മെറ്റ അറിയിച്ചു. എഐ കാരക്ടറുകള്‍ താല്‍ക്കാലികമായി കുട്ടികള്‍ക്കു ലഭ്യമാകില്ലെന്നും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി വരും ദിവസങ്ങളില്‍ ഇതു പുനരവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
മെറ്റയുടെ എഐ അസിസ്റ്റന്റ് തുടര്‍ന്നും ലഭ്യമാകും. എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ കുട്ടികളില്‍ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ച സാഹചര്യത്തിലാണു മെറ്റയുടെ തീരുമാനം. കാരക്ടര്‍. എഐ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ എഐ കഥാപാത്രങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉപയോഗിക്കുന്നതു വിലക്കിയിരുന്നു.
ടിക് ടോക്കിനും യൂട്യൂബിനുമൊപ്പം ആപ്പുകള്‍ എങ്ങനെ കുട്ടികള്‍ക്ക് ദോഷം വരുത്തുന്നു എന്നത് സംബന്ധിച്ച് ലോസ് ഏഞ്ചല്‍സില്‍ വിചാരണ നേരിടാന്‍ പോകുന്നതിനിടെയാണ് കമ്പനിയുടെ സുപ്രധാന തീരുമാനം. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് നിരവധി കേസുകള്‍ കമ്പനി നേരിടേണ്ടി വന്നിരുന്നു. ചാറ്റ്‌ബോട്ടുകള്‍ തന്റെ 14 വയസ്സുള്ള മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് കാട്ടി ഒരു കൗമാരക്കാരന്റെ അമ്മ ഉള്‍പ്പെടെ നല്‍കിയ പരാതിയും ഇതില്‍പെടുന്നു.







