പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാനനേട്ടം; വി.എസ്. അച്യുതാനന്ദനും കെ.ടി. തോമസിനും പി.നാരായണനും പത്മവിഭൂഷണ്‍; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: 77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാനനേട്ടം. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി.എസിന് പത്മവിഭൂഷണന്‍ സമ്മാനിക്കുക. സാഹിത്യ വിഭാഗത്തില്‍ ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ ആയിരുന്ന പി നാരായണനും പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കല്‍ ദേവകിയമ്മ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നടന്‍ ധര്‍മ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ, വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ.വിജയകുമാര്‍, നടന്‍ മാധവന്‍ തുടങ്ങി 113 പേര്‍ക്ക് പത്മശ്രീ നല്‍കി രാജ്യം ആദരിക്കും. അഞ്ചുപേര്‍ക്ക് പത്മവിഭൂഷണും, 13 പേര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. വിവിധ മേഖലകളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുന്നത്.

വി.എസിന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ പറഞ്ഞു. കുടുംബം വലിയ സന്തോഷത്തോടെയാണ് ബഹുമതി സ്വീകരിക്കുന്നത്. നേരത്തെ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന് അംഗീകാരം കിട്ടണമെന്ന ആഗ്രഹം എന്നുമുണ്ടാകും. അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രാഷ്ട്രീയത്തില്‍ വന്നയാളാണ്. രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്. ഇങ്ങനെയൊക്കെ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് വ്യക്തിപരമായ സന്തോഷമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

പദ്മഭൂഷണ്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. രാജ്യം ആദരിക്കുക എന്നതിനേക്കാള്‍ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page