കാസര്‍കോട്: അമിത വേഗതയില്‍ എത്തിയ കാറിടിച്ച് തച്ചങ്ങാട്ടെ ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു വീണു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. തച്ചങ്ങാട്-പാലക്കുന്ന് റോഡില്‍ തച്ചങ്ങാട് ജംഗ്ഷനിലെ ട്രാന്‍സ്‌ഫോര്‍മറാണ് പൂര്‍ണ്ണമായും തകര്‍ന്നത്.
പാലക്കുന്ന് ഭാഗത്തു നിന്നും എത്തിയ കാര്‍ റോഡില്‍ നിന്നു രണ്ടു മീറ്റര്‍ മാറിയുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ഇരുമ്പു വേലിയിലും കരിങ്കല്‍തറയിലും ഇടിച്ചാണ് നിന്നത്. ചട്ടഞ്ചാല്‍ ഭാഗത്തുള്ള യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കു നിസാര പരിക്കേറ്റു. ഇവര്‍ക്ക് ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് തച്ചങ്ങാട്ടെയും പരിസരത്തെയും വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു. അപകടസമയത്തു തന്നെ വൈദ്യുതി പ്രവാഹം നിലച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്.







