കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും കാസര്‍കോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണമാലകളില്‍ ഒന്ന് പൊലീസ് കണ്ടെടുത്തു. ബംഗ്ളൂരുവിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ ചെറിയ മാലയാണ് കണ്ടെടുത്തത്. മാല വില്‍ക്കാന്‍ ജ്വല്ലറിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയായ ഇബ്രാഹിം എന്ന കലന്തറിനെ ദിവസങ്ങള്‍ക്കകം പിടികൂടാന്‍ സഹായിച്ചതെന്നു അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരവും രാത്രി എട്ടു മണിക്കും ഇടയിലാണ് ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷത്തിന്റെ വെള്ളി ആഭരണങ്ങളും 5000 രൂപയും കവര്‍ച്ച പോയത്.
സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കലന്തര്‍ ബംഗ്ളൂരുവിലെ ജ്വല്ലറിയില്‍ മാല വില്‍ക്കാന്‍ എത്തിയ വിവരം പൊലീസിനു ലഭിച്ചത്. വില്‍പ്പന നടത്തിയത് ചൈത്രയുടെ വീട്ടില്‍ നിന്നു കവര്‍ച്ച പോയ മാലയാണെന്നു സ്ഥിരീകരിച്ച ശേഷമാണ് കലന്തറിനെ കസ്റ്റഡിയിലെടുത്തത്. കര്‍ണ്ണാടക ബാങ്ക് അഡ്യനടുക്ക ശാഖയില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയാണ് കലന്തര്‍. ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ കവര്‍ച്ചകള്‍ നടത്തുന്നതെന്നും നായ്ക്കാപ്പ് കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇയാള്‍ 15000ല്‍പ്പരം രൂപ വില വരുന്ന ഷൂസാണ് ധരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. നായ്ക്കാപ്പില്‍ നിന്നു കവര്‍ച്ച ചെയ്ത മറ്റു ആഭരണങ്ങള്‍ എവിടെയാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.







