പയ്യന്നൂര്‍: പയ്യന്നൂരിലെ സിപിഎം എംഎല്‍എ ടിഐ മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിലും പരിസരങ്ങളിലും വ്യാപക പോസ്റ്ററുകളും ബോര്‍ഡുകളും.
” കഴുത്തിനു നേരെ വടിവാള്‍ വരുന്ന നാളുകളില്‍ വിശുദ്ധന്‍ എവിടെയായിരുന്നു? കൂട്ടത്തിലൊരു പ്രിയ സഖാവ് വീണു പോയ രാത്രിയില്‍ വിശുദ്ധന്‍ എവിടെയായിരുന്നു? തടവറകളും ഇടി മുറികളും വിളിച്ച നാളുകളില്‍ വിശുദ്ധന്‍ എവിടെയായിരുന്നു?, ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും, രക്തസാക്ഷികള്‍ സിന്ദാബാദ് ” എന്നാണ് കുഞ്ഞികൃഷ്ണന്റെ ചിത്രം വച്ചുകൊണ്ടുള്ള ബോര്‍ഡില്‍ പറയുന്നത്.
സമൂഹ മാധ്യമങ്ങളിലും കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി അനുഭാവികള്‍ രൂക്ഷ വിമര്‍ശനങ്ങളും പ്രതികരണങ്ങളുമായി രംഗത്തുണ്ട്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് കണക്കിലും ധനരാജ് രക്തസാക്ഷി ഫണ്ടിലും വലിയ തിരിമറി നടന്നുവെന്നാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം. അതേസമയം കുഞ്ഞികൃഷ്ണനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന സമീപനമാണ് കുഞ്ഞികൃഷ്ണന്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ തിരുത്താനുള്ള മാര്‍ഗ്ഗം ഇതല്ല. പാര്‍ട്ടിയെ തകര്‍ക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി ഒരു വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താല്‍ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ല. കുഞ്ഞികൃഷ്ണന്‍ സ്വീകരിക്കുന്ന നിലപാട് ഞാനൊഴിച്ച് മറ്റെല്ലാവരും കള്ളന്മാരാണെന്നാണ് -ജയരാജന്‍ പറഞ്ഞു.
കുഞ്ഞികൃഷ്ണന്റെ സമീപനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. അദ്ദേഹം ഒരു വ്യക്തി മാത്രമാണ്. എത്രയോ വ്യക്തികള്‍ ചേര്‍ന്നതാണ് പാര്‍ട്ടി. ഒരു ഫണ്ട് തട്ടിപ്പും നടന്നിട്ടില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







