മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് പാളത്തിലേക്ക് തള്ളിയിട്ട യുവാവിന്റെ ഇടതുകാല്‍ ട്രെയിനിനടിയില്‍പെട്ട് അറ്റുപോയി. സംഭവത്തില്‍ പ്രതി കൈലാഷ് ബാലകൃഷ്ണ ജാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റിതേഷ് രാകേഷ് എന്ന 30കാരനാണ് കാലുകള്‍ നഷ്ടമായത്. ലോക്കല്‍ ട്രെയിനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ താനെയിലാണ് സംഭവം.
താനെയിലെ ബദ്ലാപുര്‍ സ്റ്റേഷനില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനിലാണ് യുവാവ് കയറിയത്. 40 മിനിറ്റിന് ശേഷം ട്രെയിന്‍ അംബര്‍നാഥിലെത്തി. ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് റിതേഷിന് തൊട്ടടുത്തിരുന്നയാള്‍ ഫോണ്‍ തട്ടിപ്പറിഞ്ഞ് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതോടെ റിതേഷിനെ പ്രതി ട്രെയിനില്‍ നിന്ന് താഴേക്ക് ഇടുകയായിരുന്നു.
ട്രെയിനിനടിയിലേക്ക് വീണ റിതേഷിന്റെ ഇടതുകാലിന് മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി. വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്തും ഇടതു കവിളിലും കണ്ണിനു സമീപത്തും പരിക്കേറ്റു. റെയില്‍വെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കേറ്റ കാല്‍ മുട്ടിന് താഴേക്ക് മുറിച്ചുമാറ്റി. താനെയിലെ കഇഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്. ബദ്ലാപൂരില്‍ താമസിക്കുന്ന റിതേഷ് താനെയിലെ ഒരു സ്വകാര്യ മാളിലെ തുണിക്കടയില്‍ ജോലി ചെയ്യുകയാണ്.







