ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടുപോയ തന്റെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയുടെ ഡ്രൈവിങ് ലൈസന്‍സ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചു ലഭിച്ചു. ഉത്തര്‍പ്രദേശിലെ തന്റെ പാര്‍ലമെന്റ് മണ്ഡലമായ റായ്ബറേലിയിലെ സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധിക്ക് ഈ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. 1950 കളില്‍ ഫിറോസ് ഗാന്ധി റായ്ബറേലിയില്‍ ഒരു പൊതുപരിപാടിക്കെത്തിയപ്പോഴാണ് ഡ്രൈവിങ് ലൈസന്‍സ് നഷ്ടമായത്. 76 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രൈവിങ് ലൈസന്‍സ് ഗാന്ധി കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്തി.
റായ്ബറേലി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടക സമിതി അംഗമായ വികാസ് സിംഗ് ആണ് ലൈസന്‍സ് സമ്മാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ ഒരു പൊതു പരിപാടിക്കിടെ നഷ്ടമായ ലൈസന്‍സ് വിക്രം സിങിന്റെ ഭാര്യപിതാവിന്റെ കൈവശമാണ് ലഭിച്ചത്. ഏഴ് പതിറ്റാണ്ടുകളോളം കുടുംബം ഇത് അമൂല്യ വസ്തുവായി സൂക്ഷിച്ചു. ഭാര്യാപിതാവിന്റെ മരണശേഷം ഗാന്ധി കുടുംബത്തിന് അത് തിരികെ നല്‍കാനുള്ള ഉചിതമായ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. പൊതുപരിപാടിയില്‍ വച്ച് ലൈസന്‍സ് രാഹുലിന് കൈമാറാന്‍ കുടുംബം തീരുമാനിച്ചു.
തന്റെ കയ്യില്‍ കിട്ടിയ വിലപ്പെട്ട വസ്തു വേദിയില്‍ വെച്ച് തന്നെ അതീവ കൗതുകത്തോടെ പരിശോധിച്ച രാഹുല്‍, ഉടന്‍ തന്നെ അതിന്റെ ഫോട്ടോയെടുത്ത് അമ്മ സോണിയ ഗാന്ധിക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. രാഹുലിന്റെ മുഖത്തെ സന്തോഷം അവിടെയുണ്ടായിരുന്നവരെയെല്ലാം ആശ്ചര്യപ്പെടുത്തി. ലൈസന്‍സിലെ വിവരങ്ങളും അതിലെ മുത്തച്ഛന്റെ ചിത്രവും രാഹുല്‍ ഏറെനേരം നോക്കിനിന്നു. 1952-ലെ രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നാണ് ഫിറോസ് ഗാന്ധി മത്സരിച്ചത്. 1960 സെപ്റ്റംബര്‍ ഏഴിനാണ് അദ്ദേഹം അന്തരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടുപോയ മുത്തച്ഛന്റെ ഓര്‍മ്മകളെ തിരികെ കിട്ടിയതിന്റെ ആവേശത്തിലായിരുന്നു രാഹുല്‍ ഗാന്ധി.







