മടിക്കൈ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ മടിക്കൈ കാലിച്ചാംപൊതിയില്‍ നടക്കും. 25ന് രാവിലെ കേന്ദ്ര
സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം ഡീന്‍ പ്രൊഫ. മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ശാസ്ത്രത്തിന്റെ സന്ദേശം എത്തിക്കുന്നതിനു ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വായനശാലാ – ക്ലബ്ബ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ശാസ്ത്ര പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, മുഖ്യധാരാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഉദ്ഘാടന സമ്മേളനത്തില്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.
ഫെബ്രുവരി 28, മാര്‍ച്ച് 1 തീയതികളില്‍ ഇടുക്കി അടിമാലിയില്‍ നടക്കുന്ന അറുപത്തി മൂന്നാം സംസ്ഥാന വാര്‍ഷികത്തിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ കാസര്‍കോട്, പരപ്പ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മേഖല സമ്മേളനത്തില്‍ നിന്ന് തെരെഞ്ഞെടുത്ത 150 പ്രതിനിധികള്‍ പങ്കെടുക്കും.
സമഗ്രവികസനത്തിന് ശാസ്ത്രീയ സമീപനം, വിചാരം, പഠനം, ഗവേഷണം, ജനകീയ ഇടപെടല്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം വേദിയാകും. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി, സ്ത്രീസമത്വം, തൊഴില്‍, സാമൂഹ്യനീതി, ശാസ്ത്രസാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും, പ്രബന്ധാവതരണങ്ങളും, സംവാദങ്ങളും സമ്മേളനത്തിലെ വിവിധ സെഷനുകളിലായി നടക്കും.
26ന് വൈകിട്ട് സമ്മേളനം സമാപിക്കുമെന്നു സംഘാടക സമിതി ഭാരവാഹികളായ ശശീന്ദ്രന്‍ മടിക്കൈ, പി കുഞ്ഞിക്കണ്ണന്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിന് മുഴുവനാളുകളുടെയും സഹകരണം പരിഷത്ത് ജില്ല പ്രസിഡന്റ് ബാലകൃഷ്ണന്‍ കൈരളിയും സെക്രട്ടറി പി പി രാജനും അഭ്യര്‍ഥിച്ചു.







