കാസര്‍കോട്: നിയന്ത്രണം തെറ്റിയ കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ചു ഓട്ടോ റിക്ഷകള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് കൂടുതല്‍ ആള്‍ക്കാര്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തമൊഴിവായത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ബായാര്‍, ശാന്തിഗുരിയിലാണ് അപകടം. ബേക്കൂര്‍ ഭാഗത്തു നിന്നു ഉപ്പള ഭാഗത്തേക്ക് വരികയായിരുന്നു ഇന്നോവ. ശാന്തിഗുരിയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ബായാര്‍ സ്വദേശിയായ മഹാദേവി ഓട്ടോ വര്‍ക്ക്‌സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ചിരുന്ന ഓട്ടോകളാണ് തകര്‍ന്നത്. ഇവയില്‍ ഒന്ന് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തിരികെ കൊണ്ടു പോകാനെത്തിയ ബന്തിയോട്ടെ രവിക്കാണ് പരിക്കേറ്റത്. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.








