കാസര്‍കോട്: ചട്ടഞ്ചാല്‍, തെക്കില്‍പ്പറമ്പ്, 55-ാം മൈലില്‍ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത് മംഗ്‌ളൂരുവിലെ ബിസിനസ് പാര്‍ട്ണര്‍മാര്‍. ഉള്ളാള്‍, സജിപ്പനാട് ലക്ഷ്മണക്കട്ടയിലെ പരേതനായ മുഹമ്മദ്-റുഖിയ ദമ്പതികളുടെ മകന്‍ ഹാഷിഫ് മുഹമ്മദ് (41), ദേര്‍ളക്കട്ട, നാട്ടക്കല്ലിലെ അക്ബര്‍ മന്‍സിലിലെ അബ്ബാസ്-മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെഫീഖ് (23) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ കൂടെ ബിഎംഡബ്ല്യു കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇസാം ,റിയാസ് എന്നിവരെ പരിക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാലു ദിവസം മുമ്പാണ് ബിസിനസ് പാര്‍ട്ണര്‍മാരായ നാലുപേരും ബിസിനസ് ആവശ്യാര്‍ത്ഥം വയനാട്ടിലേക്ക് പോയത്. മടക്കയാത്രയില്‍ 55-ാം മൈലിലെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. വിവരമറിഞ്ഞെത്തിയ മേൽപ്പറമ്പ് പൊലീസും ഫയര്‍ഫോഴ്‌സും കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രണ്ടു പേരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടു പോകും.
മിസ് രിയയാണ് ഹാഷിഖ് മുഹമ്മദിന്റെ ഭാര്യ. മക്കള്‍: ഐമാന്‍, അസൂറ. സഹോദരങ്ങള്‍: ഹംസ, അയൂബ്, ലത്തീഫ്, അല്‍ത്താഫ്, ആയിഷ, അസ്മ, അഫ്‌സ . മുഹമ്മദ് ഷെഫീഖിന്റെ സഹോദരങ്ങൾ:സിദ്ദിഖ് അക്ബര്‍, ആയിഷ, സാജിദ, സാഹിന.








