തളിപ്പറമ്പ്: വയോധികനെ കബളിപ്പിച്ച് അരപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത വിരുതന്‍ മുങ്ങി. പയ്യാവൂര്‍, കാട്ടിക്കണ്ടം വായനശാലയ്ക്കു സമീപത്തെ നാരായണന്‍ (74)ആണ് തട്ടിപ്പിനു ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം. പയ്യാവൂര്‍ ബസ്സ്റ്റാന്റിലെ ഒരു കടയുടെ മുന്നില്‍ ഇരിക്കുകയായിരുന്നു നാരായണന്‍. ഈ സമയത്ത് ഭാസ്‌ക്കരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാളെത്തി നാരായണനുമായി ഏറെ നേരം സംസാരിച്ച് അടുപ്പം ഉണ്ടാക്കിയ ശേഷം താന്‍ തളിപ്പറമ്പിലേയ്ക്ക് ഷര്‍ട്ടും മുണ്ടും വാങ്ങിക്കാന്‍ പോവുകയാണെന്നും ഒപ്പം വന്നാല്‍ താങ്കള്‍ക്കും വാങ്ങിത്തരാമെന്നും പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരും ബസില്‍ കയറി തളിപ്പറമ്പിലേയ്ക്ക് യാത്ര തിരിച്ചു. വളക്കൈ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ നാരായണന്റെ കൈവിരലിലെ മോതിരം നോക്കി നല്ല മോതിരമാണല്ലോയെന്നു പറഞ്ഞ് നോക്കാനായി ഊരി വാങ്ങിച്ചു. ഉടന്‍ മോതിരം തിരികെ നല്‍കുകയും ചെയ്തു. തളിപ്പറമ്പില്‍ ബസ് ഇറങ്ങിയ ശേഷം തട്ടിപ്പുകാരന്‍ നാരായണനെയും കൂട്ടി ന്യൂസ് കോര്‍ണറിലെ ഒരു കടയിലെത്തി. അവിടെവച്ച് നാരായണന്റെ വിരലിലുള്ളതുപോലെയുള്ള മോതിരം തനിക്ക് പണിയിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് അറിയിച്ചു. സ്വര്‍ണ്ണപ്പണിക്കാരനെ കാണിക്കാനാണെന്നു പറഞ്ഞു മോതിരം ഊരി വാങ്ങിക്കുകയും ചെയ്തു. പെട്ടെന്ന് ഓട്ടോ റിക്ഷ വിളിച്ചു ഉടന്‍ വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ട ആളെയും കാത്ത് നാരായണന്‍ ഏറെ നേരം സ്ഥലത്തു തന്നെ നിന്നു. തിരിച്ചു വരാഞ്ഞതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലായത്. താമസിയാതെ പൊലീസില്‍ പരാതിപ്പെട്ടു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമാനരീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയ കോഴിക്കോട് സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







