കോൺക്രീറ്റ് കൂടാരങ്ങളിൽ തളയ്ക്കപ്പെടുന്ന ദൈവം; ആധുനിക ‘ബാബേൽ’ നിർമ്മിതികളിലെ ആത്മീയതയെന്ത് ?

പി.പി. ചെറിയാൻ

ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ സഹസ്രാബ്ദങ്ങൾക്കിപ്പുറം, ആ തകർച്ചയുടെ ഓർമ്മ പുതുക്കുന്ന രീതിയിൽ അതിനേക്കാൾ വലിയ കോൺക്രീറ്റ് വിസ്മയങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ആധുനിക മനുഷ്യൻ. വ്യത്യാസം ഒന്നുമാത്രം; അന്ന് അത് വെറുമൊരു ഗോപുരമായിരുന്നെങ്കിൽ ഇന്ന് അത് ദൈവത്തിന്റെ പേരിലുള്ള ‘അഹന്തയുടെ സ്മാരകങ്ങളാണ്’.

പ്രാർത്ഥനാനിർഭരമായ മനസ്സിനേക്കാൾ ഇന്ന് പ്രസക്തി ലഭിക്കുന്നത് അത്യാധുനിക മാർബിൾ തറകൾക്കും ഇറക്കുമതി ചെയ്ത ചില്ലുവിളക്കുകൾക്കുമാണ്. ആരാധനാലയങ്ങൾ പവിത്രമായ ഇടങ്ങൾ എന്നതിലുപരി ഒരു തരം ‘റിയൽ എസ്റ്റേറ്റ്’ മത്സരവേദിയായി മാറിയിരിക്കുന്നു. അയൽക്കാരന്റെ വിശപ്പിനേക്കാൾ ഭക്തിയുടെ അളവുകോലായി ഇന്ന് കണക്കാക്കപ്പെടുന്നത് പള്ളിയുടെയോ അമ്പലത്തിന്റെയോ വലിപ്പമാണ്. കാലിത്തൊഴുത്തിൽ പിറന്നവനെക്കുറിച്ച് വാചാലരാകുന്നവർ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഓഡിറ്റോറിയങ്ങൾ പണിയാൻ കോടികൾ ഒഴുക്കുമ്പോൾ ആത്മീയത പടിക്കുപുറത്താകുന്നു.

കേരളത്തിൽ വേരൂന്നിയ ഈ മണിമന്ദിര സംസ്കാരം ഏറ്റവും വികൃതമായി പടർന്നത് പ്രവാസി മലയാളികൾക്കിടയിലാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ടെക്സസ് പോലുള്ള ഇടങ്ങളിൽ ഇതൊരു ‘അന്തസ്സ്’ പ്രശ്നമാണ് തൊട്ടടുത്ത പള്ളിയിലോ അമ്പലത്തിലോ ഒരു പുതിയ ഹാൾ ഉയർന്നാൽ, അതിനേക്കാൾ നാലടി ഉയരത്തിൽ അടുത്തത് ഉയരണം. മില്യൺ കണക്കിന് ഡോളറുകൾ ഇത്തരം നിർമ്മാണങ്ങൾക്കായി ഒഴുകുന്നു.

ആളില്ലാത്ത പള്ളികളിലും ‘ജിംനേഷ്യവും’ ‘മൾട്ടി പർപ്പസ് സെന്ററുകളും’ പണിതുയർത്തി യുവാക്കളെ ആകർഷിക്കാമെന്ന് കരുതുന്നത് വെറുമൊരു വിരോധാഭാസം മാത്രമാണ്. കെട്ടിടത്തിന്റെ വലിപ്പമല്ല, വിശ്വാസത്തിന്റെ ആഴമാണ് ഒരു സമൂഹത്തെ നിലനിർത്തുന്നതെന്ന് ഇവർ മറന്നുപോകുന്നു.

ഈ ധൂർത്തിനെതിരെ ശബ്ദമുയർത്തുന്നവനെ ‘സഭാവിരോധി’ എന്നും ‘വിശ്വാസമില്ലാത്തവൻ’ എന്നും വിളിച്ച് ഒതുക്കുന്നതാണ് പതിവ് രീതി. നിർമ്മാണ കമ്മിറ്റികളുടെ തലപ്പത്തിരിക്കുന്നവരുടെ വ്യക്തിതാത്പര്യങ്ങളും പണക്കാരായ ദാതാക്കളെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയും ഇതിന് പിന്നിലുണ്ട്. ശിലാഫലകങ്ങളിൽ സ്വന്തം പേര് കൊത്തിവെക്കാൻ വെമ്പുന്ന മതാധികാരികൾ ഈ ധൂർത്തിന് മൗനാനുവാദം നൽകുന്നു.

പ്രളയവും മഹാമാരിയും വരുമ്പോൾ പൂട്ടിക്കിടക്കുന്ന വമ്പൻ ആരാധനാലയങ്ങൾ ,ഓഡിറ്റോറിയങ്ങൾഎന്നിവ കൊണ്ട് ആർക്കാണ് പ്രയോജനം? ഒരു നാടിന്റെ ദാരിദ്ര്യം മാറ്റാൻ കഴിയുന്ന പണം കോൺക്രീറ്റ് തൂണുകളിൽ തളച്ചിടുന്നത് എന്ത് ആത്മീയതയാണ്? ദൈവം വസിക്കുന്നത് മനുഷ്യന്റെ ഹൃദയത്തിലാണെന്ന് പ്രസംഗിക്കുന്നവർ തന്നെ ഇത്തരം കോൺക്രീറ്റ് കൂടാരങ്ങൾക്ക് ശിലയിടുന്നു.

മനുഷ്യത്വമില്ലാത്തിടത്ത് ആത്മീയതയ്ക്ക് സ്ഥാനമില്ല. ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാൻ ആ പണം ഉപയോഗിച്ചിരുന്നെങ്കിൽ ഭൂമിയിൽ ഇതിലും വലിയൊരു സ്വർഗ്ഗരാജ്യം ഉയരുമായിരുന്നു. ഈ ‘കോൺക്രീറ്റ് ഭക്തി’ അവസാനിപ്പിച്ചില്ലെങ്കിൽ, അർത്ഥമില്ലാത്ത കല്ലും മണ്ണുമായി ഈ ആധുനിക ബാബേൽ ഗോപുരങ്ങളും ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ അവശേഷിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page