തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
തൃശ്ശൂര്‍ കൊടകര സഹൃദയ എംബിഎ കോളേജില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തേയ്ക്ക് പഠനയാത്രയ്ക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 42 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. ദേശീയപാതയില്‍ ബൈപ്പാസിന്റെ പണി നടക്കുന്നതിനാല്‍ സര്‍വീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്.







