കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ അയല്‍ വീട്ടുവളപ്പിലെ മരം പൊട്ടി വീണുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും അഞ്ചുവര്‍ഷമായി മഞ്ചേശ്വരം ഭാഗത്ത് താമസിക്കുന്ന കോണ്‍ക്രീറ്റ് ജോലിക്കാരനുമായ വീരേന്ദ്ര (44)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ തൂമിനാട് ലക്ഷം വീട് കോളനിക്കു സമീപത്താണ് അപകടം. കോണ്‍ക്രീറ്റ് ജോലി ചെയ്യുകയായിരുന്നു വീരേന്ദ്ര. ഇതിനിടയില്‍ അയല്‍ വീട്ടുവളപ്പിലുള്ള മരം പെട്ടന്ന് വീണ് സമീപത്തെ ഇലക്ട്രിക് ലൈനില്‍ തട്ടുകയും ദേഹത്ത് വീഴുകയുമായിരുന്നുവെന്നു പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടയില്‍ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: രംഭാദേവി. മക്കള്‍: കുഞ്ച, നിഹ, കുശ്ബു, രാഹുല്‍, പീയുഷ്.







