കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ആലപ്പുഴ സ്വദേശി പവിശങ്കര്‍, ആറുവയസുകാരി വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങള്‍ക്ക് മുന്‍മ്പാണ് ഈ കുടുംബം എറണാകുളം എളമക്കരയിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് പവിശങ്കര്‍ കിടപ്പുമുറിയിലെ ഫാനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പവിശങ്കറിനെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍ ബോധരഹിതയായി കിടക്കുന്ന മകളെയും കണ്ടെത്തി. ഉടന്‍ തന്നെ വാസുകിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







