ചെന്നൈ: തനിക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദുരനുഭവം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അനുസ്മരിച്ചു. ഇന്ത്യന്‍ സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ.ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തല്‍.
സര്‍ക്കാരിനെതിരെ സംസാരിച്ചതിനാണ് തനിക്ക് നേരെ അക്രമം നടന്നതെന്നും രജനി വെളിപ്പെടുത്തി. 1995 ല്‍ നടന്ന സംഭവമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ വെളിപ്പെടുത്തുന്നത്. ശിവാജി ഗണേശന് ഷെവലിയര്‍ ബഹുമതി ലഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചു. അന്ന് ചടങ്ങില്‍ നന്ദി പറയാനെത്തിയ താന്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതാണ് അക്രമത്തിന് കാരണമെന്ന് രജനി പറഞ്ഞു.
പ്രസംഗത്തിന് പിന്നാലെ തുറന്ന ജീപ്പില്‍ കൊണ്ടുപോയി ചെപ്പോക്ക് സ്റ്റേഡിയത്തിലെ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പൊലീസ് നോക്കുകുത്തിയായി നിന്നു. ഒടുവില്‍ ഈ ആള്‍ക്കൂട്ട അക്രമത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് നടനും സംവിധായകനുമായ ഭാഗ്യരാജ് ആണെന്ന് രജനി കാന്ത് പറഞ്ഞു.
അദ്ദേഹം പൊലീസ് ഓഫീസറോട് അക്രമം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അക്രമം പുറത്തറിഞ്ഞാല്‍ ഫിലിം ഇന്‍ഡസ്ട്രി മുഴുവന്‍ ഇളകും, പ്രശ്‌നം ഉണ്ടാക്കും, മാധ്യമങ്ങളെ അറിയിക്കും എന്നുപറഞ്ഞ് ഓഫീസറെ വിരട്ടി. ഇതോടെ തന്നെ ജീപ്പില്‍ നിന്നിറക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ ഒരു വണ്ടിയില്‍ കയറ്റി വീട്ടില്‍ അയച്ചു. അന്നത്തെ സംഭവവും തന്നെ രക്ഷിച്ച ഭാഗ്യരാജിനോടുള്ള നന്ദിയും താന്‍ ഒരിക്കലും മറക്കില്ലെന്ന് രജനി പറയുന്നു.







