കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലത്തെ വനിതാ ഹോസ്റ്റലില്‍ രണ്ടു പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യര്‍ഥിനിയായ വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കലില്‍ നടന്ന മത്സരത്തില്‍ വൈഷ്ണവി വിജയിച്ചിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിനിയായ സാന്ദ്ര അത്‌ലറ്റിക് താരമാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ മുറിയിലെത്തിയപ്പോള്‍ കതക് അടഞ്ഞിരിക്കുകയായിരുന്നു. പലതവണ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ ജനലിലൂടെ നോക്കിയപ്പോള്‍ ഇരുവരെയും ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടികള്‍ മരിക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







