ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വര്‍ണമോഷണക്കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിയുകയാണ്. സ്വര്‍ണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്. ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്‌ഐടി ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകന്‍ പൊലീസ് ഓഫിസര്‍ ആയതിനാല്‍, കേസില്‍ പ്രതിയായതുമുതല്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് ആശുപത്രിയിലാണ്.കെ പി ശങ്കര്‍ദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ശങ്കര്‍ദാസ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്‌ഐടി കടന്നത്. എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയിലെ ബോർഡ് അംഗമായിരുന്നു. അറസ്റ്റ് വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ചയാണ് ഇനി കോടതി പരിഗണിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page