കാസർകോട്: ഏന്മകജെ പഞ്ചായത്തിലെ പെർളയിൽ വീടിന് തീപിടിച്ചു. വീട്ടിലെ ഉപകരണങ്ങൾ കത്തി. ബുധനാഴ്ച വൈകിട്ട് പന്ത്രണ്ടാം വാർഡിലെ രമേഷ് ചന്ദ്രൻ എന്ന ആളുടെ വീടിനാണ് തീ പിടിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു തീപിടിത്തം. അടുക്കളയിൽ നിന്ന് തീ പടർന്നതാണെന്ന് സംശയിക്കുന്നു. ഓട് മേഞ്ഞ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. കാസർകോട് നിന്ന് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനയെത്തി തീ കെടുത്തി. വീട്ടിലെ ടിവി, ഫ്രിഡ്ജ്, ഫർണിച്ചറുകൾ, വാതിലുകൾ, ജനലുകൾ, രേഖകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പൂർണ്ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി സുകു, ഉദ്യോഗസ്ഥരായ ഗോകുൽ കൃഷ്ണ വിഎസ്, ജിത്തു തോമസ്, വൈശാഖ് എം എ, അരുൺകുമാർ എം എം, അരുണ പി നായർ, ശ്രീജിഷ കെ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. തീപിടിത്തത്തിൽ ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഫയർഫോഴ്സ് പറയുന്നത്.







