കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ അന്യായമായി ടോള്‍ പിരിക്കുന്നതിനെതിരെ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചു മാറ്റുകയും എംഎല്‍എ ഉള്‍പ്പെടെയുള്ള സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി 7 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിക്കണമെന്നു സമരസമിതി ഭാരവാഹികളായ സിഎ സുബൈര്‍, അസീസ് കളത്തൂര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.
ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച (നാളെ) പരിഗണിക്കുന്നുണ്ട്. ഹര്‍ജിയിന്മേല്‍ നാളെ തന്നെ വിധിയുണ്ടാകുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. കോടതിവിധി എതിരാവുകയാണെങ്കില്‍ എന്തു തീരുമാനമെടുക്കണമെന്ന് ആ സമയത്ത് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞു.






