കാസർകോട്: ചെർക്കള – ഉക്കിനടുക്ക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഉടൻ നടപടി ആരംഭിച്ചില്ലെങ്കിൽ 19 മുതൽ ചെർക്കള – കല്ലടുക്ക അന്തർ സംസ്ഥാന റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്കു സമരമാരംഭിക്കുമെന്നു പ്രൈഡ് ബസ് തൊഴിലാളി യൂണിയൻ മേഖലാ പ്രസിഡൻ്റ് ഹാരിസ് പി.എം. എസ് അധികൃതരെ മുന്നറിയിച്ചു. ഈ റോഡിലെ ചെർക്കള മുതൽ ഉക്കിനടുക്കവരെയുള്ള 19 കിലോമീറ്റർ കുണ്ടും കുഴിയുമായിട്ടു ഒരു വർഷം കഴിഞ്ഞു. വാഹനങ്ങൾ കുഴിയിൽ ചാടിച്ചാടി വിദ്യാർത്ഥികളുൾപ്പെടെയുള്ള യാത്രക്കാരുടെ നടു തകർന്നു. ബസിനുള്ളിൽ തെറിച്ചു വീണു യാത്രക്കാർക്കു പരിക്കേൽക്കുന്നതു പതിവായിരിക്കുന്നു. ബസുകൾ ദിവസവും അറ്റകുറ്റപ്പണിക്കു വർക്ക് ഷോപ്പിൽ കയറ്റേണ്ടി വരുന്നു. ഇരു ചക്ര വാഹനങ്ങളുടെ സ്ഥിതി പരമ ദയനീയമായി തുടരുന്നു. ഇത്തരം വാഹനങ്ങളുടെ അപകടം ഉണ്ടാകാത്ത ഒരു ദിവസം പോലും ഈ റൂട്ടിൽ ഇല്ലാതായിരിക്കുന്നു. ചെറുകിട വാഹനങ്ങളുടെ സ്ഥിതിയും ഇതേ നിലയിൽ തുടരുന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു ഒരു മാസം മുമ്പു 40 ലക്ഷം രൂപയുടെ നടപടി പൂർത്തി യാക്കിയിരുന്നെങ്കിലും ബന്ധപ്പെട്ട ജീവനക്കാർ പദ്ധതിക്ക് അടയിരിക്കുകയാണെന്നു ഹാരിസ് പരിഹസിച്ചു. റോഡുപണിഞ്ഞാൽ അഞ്ചുവർഷത്തിനിടയിൽ ആനിനുണ്ടാവുന്ന തകരാറുകൾ കരാറുകാരൻ സ്വന്തം ചെലവിൽ ചെയ്യണമെന്നു വ്യവസ്ഥയുള്ള നാട്ടിൽ ഈ റൂട്ടിൽ എന്തുകൊണ്ടാണതു നടക്കാത്തതെന്ന് ഹാരിസ് ആരാഞ്ഞു. റോഡ് നിർമ്മാണ സമയത്തു അതിൻ്റെ ഗുണനിലവാരം ഉറപ്പാക്കാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ പേടിക്കുന്നതു കരാറുകാരനെയാണോയെന്നു സംശയിക്കേണ്ട സ്ഥിതിയാണെന്നു ഹാരിസ് ചൂണ്ടിക്കാട്ടി. കുറ്റവാളികളായ ജീവനക്കാർക്കെതിരെയും നടപടി വേണമെന്നു അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ചു ജില്ലാ കളക്ടർക്കും കിഫ്ബി അധികൃതർക്കും ഹാരിസ് നിവേദനം നൽകിയിട്ടുണ്ട്.







