മംഗളൂരു: ബെല്‍ത്തങ്ങാടിയിലെ 15 കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മരണപ്പെട്ട സുമന്തിന്റെ തലയില്‍ മൂന്ന് മുറിവുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. വാള്‍ പോലുള്ള ആയുധം കൊണ്ടാണ് യുവാവിന് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. കുളത്തില്‍ വീണ കുട്ടി പിന്നീട് ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതോടെ മരിച്ചതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മംഗളൂരുവിലെ ജില്ലാ വെന്‍ലോക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തിയത്. ആയുധം കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് കുളത്തില്‍ തള്ളിയതാകാമെന്നും സംശയിക്കുന്നു. ആദ്യം കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചതായിരിക്കാമെന്ന് നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് സുമന്തിനെ ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡില്‍നാല സാംബോല്യയിലുള്ള വീടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ധനുപൂജയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ സുമന്തിനെ കാണാതാവുകയായിരുന്നു.
കുളത്തിന് സമീപത്ത് രക്തക്കറ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. സുമന്തിന്റെ മൃതദേഹം കണ്ടെത്തിയ കുള പരിസരം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ബെല്‍ത്തങ്ങാടി ഡെപ്യൂട്ടി എസ്പി സികെ രോഹിണിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വേണൂര്‍, ബെല്‍ത്തങ്ങാടി, പുഞ്ചല്‍ക്കട്ടെ, ധര്‍മ്മസ്ഥല എന്നീ സ്‌റ്റേഷനുകളിലെ പൊലീസ് ആണ് കേസില്‍ അന്വേഷണം നടത്തുന്നത്.







