കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിങിലെ തട്ടിപ്പുകളെ കുറിച്ച് പൊലീസും സര്‍ക്കാരുകളും ജാഗ്രതപാലിക്കാന്‍ നിര്‍ദേശിച്ചിട്ടും അനുദിനം നിരവധി പേര്‍ ചതിക്കുഴിയില്‍ വീഴുന്നു. ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ആള്‍ വഴി കാസര്‍കോട് തായലങ്ങാടിയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന 42 കാരന് നഷ്ടമായത് 66 ലക്ഷം രൂപയാണ്. അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കോട്ടയം പെരുന്ന സ്വദേശിയായ യുവാവ് പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഈമാസം ഏഴു വരെ യുവാവിന്റെയും ഭാര്യയുടെയും സഹോദരന്റെ ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നായി വിവിധ അക്കൗണ്ടുകളിലേക്ക് 66,06,874 രൂപ അയപ്പിക്കുകയായിരുന്നു അജ്ഞാത സംഘം. പിന്നീട് ലാഭമോ, നിക്ഷേപമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി. ഫേസ്ബുക്ക് വഴിയാണ് ട്രേഡിങിനെ കുറിച്ച് യുവാവ് പരിചയപ്പെടുന്നത്. മലപ്പുറം സ്വദേശികളായ ചിലര്‍ പിന്നീട് വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകളില്‍ ചേര്‍ത്ത് ട്രേഡിങിനെ കുറിച്ച് പരിചയപ്പെടുത്തി. ആദ്യം 10000 രൂപ കമ്പനിയില്‍ നിക്ഷേപിച്ചപ്പോള്‍ ചെറിയ തുക ലാഭവും മുടക്കുമുതലും തിരിച്ചു കിട്ടിയതായി പരാതിക്കാരന്‍ പറയുന്നു. പിന്നീട് ഒരു ലക്ഷം രൂപ ഇട്ടതിന് ശേഷം ബ്ലാക് മെയില്‍ ആരംഭിച്ചു. ആറുമാസത്തിനുള്ളില്‍ 66 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. യുകെ കേന്ദ്രമാക്കിയുള്ള കമ്പനിയുടെ ആളുകളാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







