കരിന്തളം: മുക്കട കുണ്ടൂര്‍ ദേശത്ത് തലമുറകള്‍ക്ക് കളിച്ചുവളരുന്നതിന് വേണ്ടി നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന്റെ സമര്‍പ്പണവും, അന്തര്‍ സംസ്ഥാന വോളി നൈറ്റും 31 ന് നടക്കും. ആറുമാസങ്ങള്‍ക്കു മുമ്പ് സ്വകാര്യ വ്യക്തിയില്‍ നിന്നും 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കളി സ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതിന് ആവശ്യമായ 15 ലക്ഷം രൂപ കണ്ടെത്താന്‍ ചക്ക ചിപ്‌സ്, അച്ചാര്‍, മീന്‍ വില്‍പന നടത്തിയും തട്ടുകടയും ചായപ്പൊടി ഫെസ്റ്റ് നടത്തിയും കമ്പവലി മത്സരം സംഘടിപ്പിച്ചും ലക്ഷ്യത്തിലേക്ക് കുതിച്ചു. മുന്‍ ദേശീയ താരം അഞ്ചു ബാലകൃഷ്ണന്‍ കളിക്കളം സമര്‍പ്പണത്തിന്റെയും വോളി നൈറ്റിന്റെയും പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വി അമ്പൂഞ്ഞി അധ്യക്ഷനായി. എം ചന്ദ്രന്‍, കെവി അരുണ്‍രാജ്, യു രതീഷ്, എംടിപി ഷാജിര്‍ സംസാരിച്ചു. 31 ന് കെജിഎഫ് ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന വോളി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പുലിയന്നൂരിലെ കെ വി അപ്പൂഞ്ഞിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ 25026 രൂപയും കുണ്ടൂരിലെ സി ബാലന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് പുലിയന്നൂരിലെ വി.വി അമ്പാടിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ 20026 രൂപയും, സമുദ്ര ട്രേഡിംഗ് കാലിച്ചമരം ഏര്‍പ്പെടുത്തിയ ട്രോഫിയും സമ്മാനമായി ലഭിക്കും.






