ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ വണ്ടികള്‍ അടുത്ത ആഴ്ച സര്‍വീസ് ആരംഭിക്കും. യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്ന ട്രെയിന്‍ രാജധാനി എക്‌സ്പ്രസിനേക്കാള്‍ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സീറ്റ് പങ്കിടുന്ന ആര്‍എസി സംവിധാനമോ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളോ ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമാണ് നല്‍കുന്നത്. 11 തേഡ്എസി നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളാണ് ഉണ്ടാകുക. 823 യാത്രക്കാര്‍ക്ക് കയറാം. സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ ടിക്കറ്റ് ഇഷ്യൂ ചെയ്യില്ലെന്ന് റെയില്‍വേ അറിയിച്ചു. നിരക്കും കൂടുതലാണ്. ഗുവഹാത്തി – ഹൗറ റൂട്ടിലാണ് ആദ്യ സര്‍വീസ്.
ജി.എസ്.ടി ഒഴികെ, കുറഞ്ഞത് 400 കിലോമീറ്റര്‍ ദൂരത്തിനുള്ള അടിസ്ഥാന നിരക്ക് എസി 1 ന് 1,520 രൂപ, എസി 2ന് 1,240 രൂപ, എസി 3ന് 960 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. തുടര്‍ന്നുള്ള ഓരോ അധിക കിലോമീറ്ററിനും ചുരുങ്ങിയത് നാലുരൂപ ഈടാക്കും.
എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഗുവഹാത്തി – ഹൗറ യാത്രയില്‍ ഏകദേശം മൂന്ന് മണിക്കൂര്‍ ലാഭിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ നിലവില്‍ 130 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഓടുക. അപകടങ്ങള്‍ ഒഴിവാക്കാനുള്ള ‘കവച്’ സാങ്കേതികവിദ്യയും ഇതിലുണ്ട്.
ഓട്ടോമാറ്റിക് വാതിലുകള്‍, ശബ്ദ മലിനീകരണം കുറഞ്ഞ കോച്ചുകള്‍, മികച്ച സസ്‌പെന്‍ഷന്‍, അത്യാധുനിക എര്‍ഗണോമിക് ബര്‍ത്തുകള്‍ എന്നിവ യാത്ര സുഖകരമാക്കും. രാത്രിയാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രെയിനില്‍ 16 കോച്ചുകളുണ്ടാകും. നിലവില്‍ പശ്ചിമ ബംഗാളിലെയും അസമിലെയും പ്രധാന ഒന്‍പത് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.







