മുംബൈ: റെക്കോര്‍ഡുകളുടെ തോഴനാണ് ക്രിക്കറ്റ് താരം വിരാട് കോലി. കഴിഞ്ഞദിവസം ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മറ്റൊരു റെക്കോര്‍ഡും കൂടി കോലിയുടെ പേരില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 28,000 റണ്‍സ് നേടുന്ന താരമെന്നെ റെക്കോര്‍ഡാണ് 37കാരനായ കോലി സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് കോലി.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റര്‍ കോലിയാണെന്ന് തെളിയിക്കുന്ന ഒരു ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞദിവസം വഡോദരയില്‍ കണ്ടത്. 25 റണ്‍സിലെത്തിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കുറിക്കപ്പെട്ടു. 28,000 റണ്‍സ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരം എന്ന റെക്കോര്‍ഡ്. 624 ഇന്നിംഗ്സിലാണ് ഈ നേട്ടം. സച്ചിന്‍ തന്റെ 644-ാം ഇന്നിംഗ്‌സിലാണ് ഈ നാഴികക്കല്ല് പിന്നിട്ടതെങ്കില്‍ 28000 റണ്‍സ് ക്ലബ്ബിലെ മൂന്നാമത്തെ കളിക്കാരനായ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര തന്റെ 666-ാം ഇന്നിംഗ്‌സില്‍ ഈ നേട്ടം കൈവരിച്ചിരുന്നു.
റെക്കോര്‍ഡുകളെ കുറിച്ച് ചോദിച്ചപ്പോള്‍ കോലിയുടെ പ്രതികരണം ഇങ്ങനെയാണ്: തന്റെ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, അത് ഒരു സ്വപ്നസാക്ഷാത്കാരത്തില്‍ കുറഞ്ഞ ഒന്നുമല്ല. തന്റെ കഴിവുകളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു, ഇന്നത്തെ സ്ഥാനത്ത് എത്താന്‍ വളരെയധികം പരിശ്രമിക്കേണ്ടിവന്നു. ദൈവം തനിക്ക് അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നന്ദിയും അതിലുപരി അഭിമാനവും തോന്നുന്നു. കുട്ടിക്കാലം മുതല്‍ സ്‌നേഹിച്ച ഒരു കായിക വിനോദത്തിലൂടെ ഇത്രയധികം ആളുകള്‍ക്ക് സന്തോഷം പകരാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണെന്നാണ് കരിയറിലെ 45-ാം തവണയും മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നേടിയ കോലി അവാര്‍ഡ് ദാന ചടങ്ങില്‍ പറഞ്ഞത്.
കഴിഞ്ഞദിവസത്തെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കളിയില്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍, നാഴികക്കല്ലുകളെക്കുറിച്ച് ഒട്ടും ചിന്തിക്കാറില്ലെന്നായിരുന്നു കോലിയുടെ മറുപടി. തനിക്ക് ഇതുവരെ ലഭിച്ച ട്രോഫികള്‍ എത്രയാണെന്ന് അറിയില്ല, കിട്ടുന്ന ട്രോഫികളെല്ലാം ഗുഡ്ഗാവില്‍ താമസിക്കുന്ന അമ്മയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്, ട്രോഫികള്‍ സൂക്ഷിക്കാന്‍ അമ്മയ്ക്ക് വലിയ ഇഷ്ടമാണെന്നും കോലി പറഞ്ഞു. ഈ അവാര്‍ഡുകളെല്ലാം സൂക്ഷിക്കാന്‍ ഒരു മുറി തന്നെ വേണോ എന്ന ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി.







