കാസര്‍കോട്: റീല്‍സ് ചിത്രീകരണത്തിനിടയില്‍ ഉണ്ടായ പിഴവില്‍ മനം നൊന്താണെന്നു പറയുന്നു, യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കുമ്പള, ആരിക്കാടി, ഒഡ്ഡു ഗ്രൗണ്ടിനു സമീപത്തെ ബാബുവിന്റെ മകന്‍ സന്തോഷ് (30)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്യുന്ന ആളാണ് സന്തോഷെന്നു ബന്ധുക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ച തെര്‍മ്മോക്കോളുമായി ബന്ധപ്പെട്ട റീല്‍സ് ചിത്രീകരിച്ചിരുന്നതായി പറയുന്നു. ഇതിനിടയില്‍ തെര്‍മ്മോക്കോള്‍ പൊട്ടിപ്പോവുകയും ഇതിന്റെ വീഡിയോ സുഹൃത്തിനു അയച്ചു കൊടുത്ത് വിഷമം അറിയിച്ചിരുന്നുവത്രെ. തൊട്ടുപിന്നാലെ സുഹൃത്ത് സന്തോഷിനെ ഫോണ്‍ ചെയ്തുവെങ്കിലും പ്രതികരിച്ചില്ല. ഇക്കാര്യം സുഹൃത്ത് വീട്ടുകാരെ ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്നാണ് കിടപ്പുമുറിയില്‍ ശ്രദ്ധിച്ചത്. ഈ സമയത്ത് ഹുക്കില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട സന്തോഷിനെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. സുമതിയാണ് മാതാവ്. ഏകസഹോദരി ഭവ്യ.







