പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്നു ചാടി രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മരിച്ചു. ശ്രീകണ്ഠാപുരം, കാഞ്ഞിലേരി, ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ് ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോംതോംസണ്‍ (40)ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോംതോംസണിന്റെ പിതാവ് തോമസ് ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിത്തിന്റെ ഏഴാം നിലയിലെ വാര്‍ഡില്‍ ചികിത്സയിലാണ്. പിതാവിനെ പരിചരിക്കുന്നതിനാണ് തോംസണ്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്.
പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയില്‍ ബഹളം ഉണ്ടാക്കിയ തോംസണ്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പറയുന്നു. സുരക്ഷാ ജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്നവരും ഇടപ്പെട്ടതോടെ പുറത്തേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയ തോംസണ്‍ ഏഴാംനിലയിലെ സ്‌റ്റെയര്‍ കേസിലെ ജനലില്‍ കയറി നിന്നു.
ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തി. തോംസണിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നിലത്ത് വലവിരിച്ചു നിന്നു. എന്നാല്‍ വലയില്ലാത്ത ഭാഗത്തേയ്ക്ക് ചാടുകയായിരുന്നു തോംസണ്‍. ഗുരുതരപരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ മരണം സംഭവിച്ചു. ഭാര്യ: ജോഷിമോള്‍. മക്കള്‍: ആഷിക്, അയോണ്‍. സഹോദരങ്ങള്‍: അനില്‍, സുനില്‍, സുമ, സുജ.
തോംസണും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നടന്നു വരികയാണ്. ഇതുസംബന്ധിച്ച പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.







