കുമ്പള: ലൈംഗിക പീഡകനായ അധ്യാപകനെ ഉടന്‍ സ്‌കൂളില്‍ നിന്നു പുറത്താക്കണമെന്നു ബി ജെ പി മേഖലാകമ്മിറ്റി സ്‌കൂള്‍ അധികൃതരോടാവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇച്ചിലമ്പാടി കളത്തൂര്‍ എ എസ് ബി എസ് ഉപരോധിക്കും. അതിനു പുറമെ ഈ ആവശ്യത്തിനു മേഖല വ്യാപകമായി പ്രചരണവും തുടരുമെന്നു മുന്നറിയിച്ചു.
ഭാവി തലമുറയെ നല്ല ഗുണങ്ങളോടെ വളര്‍ത്തിയെടുക്കേണ്ട അധ്യാപകനാണ് തെരുവു സംസ്‌ക്കാരത്തിന്റെ വക്താവായി സ്‌കൂളില്‍ നില്‍ക്കുന്നതെന്നും ഇതനുവദിക്കാനാവില്ലെന്നും നോട്ടീസില്‍ പറഞ്ഞു. അധ്യാപകന്‍ എന്നതിനുപുറമെ, എന്‍മകജെ പഞ്ചായത്തുമെമ്പറും സി പി എം നേതാവുമായ വിവാദ പുരുഷന്‍ സമൂഹത്തെ ആകെ മലീമസമാക്കാനും അതിനു കാവലായി സി പി എമ്മിനെ ഉപയോഗിക്കാനും ശ്രമിക്കുന്നത് പുരോഗമന വാദികളെന്നു പറയുന്നവര്‍ എങ്ങനെയാണ് സഹിക്കുന്നതെന്നു ഭാരവാഹികള്‍ ആരാഞ്ഞു.
ഉത്തരമേഖാലാ പ്രസിഡന്റ് ശിവപ്രസാദ് റൈ, മണ്ഡലം സെക്രട്ടറി പ്രദീപ് കുമാര്‍, ദക്ഷിണമേഖാലാ സെക്രട്ടറി വിവേകാനന്ദഷെട്ടി, വിക്രംപൈ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. സംഭവം വിവാദമായതോടെ അധ്യാപകനെ സി പി എം പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തിരുന്നു.







