മംഗളൂരു: ലോക ഗീത പര്യായ ആഘോഷത്തോടനുബന്ധിച്ചു ഡല്‍ഹിയില്‍ നിന്നുള്ള ഭക്തന്‍ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന് സ്വര്‍ണ്ണ ഷീറ്റുകളില്‍ കൊത്തിയെടുത്ത ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ഭഗവദ്ഗീത സംഭാവന ചെയ്തു. ലക്ഷ്മിനാരായണന്‍ എന്നയാളാണ് സുവര്‍ണ്ണ ഭഗവദ്ഗീത സമര്‍പ്പിച്ചത്. പുത്തിഗെ മഠ പാരമ്പര്യവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തില്‍ ഇത് സമര്‍പ്പിച്ചു.
ഈ ഗീതയെ അസാധാരണമാക്കുന്നത് അതിന്റെ മൂല്യം മാത്രമല്ല, നിര്‍മ്മാണവും കൂടിയാണെന്ന് മഠം അധികൃതര്‍ പറഞ്ഞു. ഭഗവദ്ഗീതയുടെ പതിനെട്ട് അധ്യായങ്ങളിലായി എഴുന്നൂറ് ശ്ലോകങ്ങളും സ്വര്‍ണ്ണം പൂശിയ പേജുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. സ്വര്‍ണ്ണ ഷീറ്റുകളുടെ ഈട് നിലനിര്‍ത്തുന്നതിനൊപ്പം ശ്ലോകങ്ങളുടെ വ്യക്തത ഉറപ്പാക്കുന്നതിനാണ് ഗ്രന്ഥം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സമര്‍പ്പണത്തിന്റെ സ്മരണക്കായി കൃഷ്ണ മഠത്തിനുള്ളിലെ ഗീതാ മന്ദിറില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിന് ചുറ്റുമുള്ള രഥ വീഥിയിലൂടെ ഘോഷയാത്ര സംഘടിപ്പിച്ചു.
പുത്തിഗെ മഠത്തിലെ മുതിര്‍ന്ന, ജൂനിയര്‍ വൈദികര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
കൃഷ്ണ മഠത്തിലെ മ്യൂസിയത്തില്‍ സ്വര്‍ണ ഭഗവത് ഗീതക്ക് പ്രത്യേക പ്രദര്‍ശന സ്ഥലം ഒരുക്കിയിട്ടുണ്ട്. സ്വര്‍ണ്ണ താളുകള്‍ക്കു കേടുപാടുകള്‍
സംഭവിക്കാതേയും അവ മോഷണം പോവാതെയും കാക്കാന്‍ ബുള്ളറ്റ് പ്രൂഫും കാലാവസ്ഥാ നിയന്ത്രണവുമുള്ള ഉയര്‍ന്ന സുരക്ഷാ ഗ്ലാസ് വലയത്തിലാണ് ഗ്രന്ഥം.
ഭക്തര്‍ക്ക് പുസ്തകം സുരക്ഷിതമായി കാണാനും സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉപയോഗിക്കാനും കഴിയും.







