ഭുവനേശ്വര്‍: ബാഹുബലി താരം പ്രഭാസിന്റെ ‘രാജാ സാബ്’ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ആരതി ഉഴിഞ്ഞും പടക്കം പൊട്ടിച്ചുമുള്ള ആരാധകരുടെ ആവേശം അതിരുകടന്നതോടെ തിയേറ്ററിന് തീപിടിച്ചു. ഒഡീഷയിലെ റായഗഡയിലെ അശോക് ടാക്കീസിലാണ് സംഭവം. പ്രഭാസിന്റെ എന്‍ട്രിയില്‍ ആവേശം മൂത്ത് ചില ആരാധകര്‍ പരിസരം മറന്ന് പടക്കം പൊട്ടിക്കുകയും ആരതി ഉഴിയുകയുമായിരുന്നു. ഇതോടെ സ്‌ക്രീന്‍ ഏരിയയ്ക്ക് സമീപം തീ പടര്‍ന്നു. തീപിടുത്തം തിയേറ്ററില്‍ ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ചു.
തിയേറ്റര്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. പരിക്കുകളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിയേറ്ററിനും വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. പ്രേക്ഷകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌ക്രീനിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും പുനരാരംഭിച്ചു.
മാരുതി സംവിധാനം ചെയ്ത് രചിച്ച ‘ദി രാജാ സാബ്’ പീപ്പിള്‍ മീഡിയ ഫാക്ടറിയും ഐവിവൈ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍, സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ കഴിഞ്ഞദിവസമാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന് ആദ്യ ദിനം തന്നെ മോശം പ്രതികരണമാണ് ലഭിച്ചത്. എങ്കിലും ബോക്‌സ് ഓഫീസില്‍ 45 കോടി രൂപ നേടി. പ്രീ-റിലീസ് ബിസിനസ്സ് ഉള്‍പ്പെടെ, ചിത്രത്തിന്റെ ആകെ കലക്ഷന്‍ ഇപ്പോള്‍ 54.15 കോടി രൂപയായി.







