പാലക്കാട്: മലമ്പുഴയിലെ സ്‌കൂളില്‍ അധ്യാപകന്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ കൂടി മൊഴി നല്‍കിയതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം സേതുമാധവന്‍ വെളിപ്പെടുത്തി. ആദ്യഘട്ട കൗണ്‍സിലിങ്ങിലാണ് ഏഴ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയത്. ഇതില്‍ അഞ്ച് കുട്ടികളുടേത് ഗുരുതരമായ മൊഴിയായതിനാല്‍ പൊലീസിന് കൈമാറി. നിലവില്‍ മൊഴി നല്‍കിയ ആറു വിദ്യാര്‍ത്ഥികള്‍ക്കും സിഡബ്ല്യുസിയുടെ കാവല്‍പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അധ്യാപകനെതിരെ ഗുരുതരമായ പരാതി നല്‍കിയിട്ടും എന്തുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസില്‍ പറഞ്ഞില്ല എന്നത് അവരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നു ചെയര്‍മാന്‍ പറഞ്ഞു. സിഡബ്ല്യുസി കൗണ്‍സിലര്‍മാരുടെ മുഴുവന്‍ സമയ സേവനം സ്‌കൂളില്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







