മുംബൈ: കുട്ടിക്കാലത്തുണ്ടായ അപകടത്തെ കുറിച്ച് വെളിപ്പെടുത്തി വനിതാ ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗസ്.
‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന പരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് എട്ടോ പത്തോ വയസ്സുള്ളപ്പോഴാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കെല്ലാം ഇത് വളരെയധികം ഞെട്ടലുണ്ടാക്കി. പള്ളിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഓഡിറ്റോറിയത്തിലെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു, ഭാഗ്യം കൊണ്ടാണ്രക്ഷപ്പെട്ടതെന്ന് ജെമീമ പറഞ്ഞു.
കുട്ടികളെല്ലാം പുറത്തായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയില്‍ ചവിട്ടിയ താന്‍ താഴേക്ക് വീണു. ഭാഗ്യവശാല്‍, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളുടെ തലയിലാണ് വീണത്. കസിന്‍സൊക്കെ താന്‍ മരിച്ചുവെന്ന് ഭയന്നു. എന്നാല്‍ തനിക്ക് കാര്യമായി പരിക്കേറ്റില്ലെന്ന് ജെമീമ ഓര്‍ക്കുന്നു.
നിലവില്‍ വനിതാ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനാണ് ജെമീമ. മുംബൈ ഇന്ത്യന്‍സുമായാണ് ആദ്യ മത്സരം. കഴിഞ്ഞ വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതില്‍ ജെമീമയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഓസീസിനെതിരായ സെമിയിലെ സെഞ്ചുറി പ്രകടനം ആരാധകര്‍ ഇന്നും നെഞ്ചേറ്റുന്നു. അന്ന് 127 റണ്‍സാണ് ജെമീമ അടിച്ചെടുത്തത്. സെമിയിലെ ആ പ്രകടനമാണ് ഇന്ത്യയെ ഫൈനലിലെത്താനും കിരീടം നേടാനും സഹായിച്ചത്.







