പാലക്കാട്: ജമാഅത്തെ ഇസ്ലാമിയോട് മാപ്പ് പറയാന്‍ മനസ്സില്ലെന്ന് വ്യക്തമാക്കി സിപിഎം നേതാവ് എ.കെ ബാലന്‍ പ്രസ്താവിച്ചു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന ബാലന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വര്‍ഗ്ഗീയ പ്രസ്താവന തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിനോടുള്ള പ്രതികരണമായായിരുന്നു എകെ ബാലന്റെ പ്രസ്താവന. ജമാഅത്തെ ഇസ്ലാമിയയുടെ വക്കീല്‍ നോട്ടീസിന് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്ന് ബാലന്‍ പറഞ്ഞു. എന്നാല്‍ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തനിക്ക് മനസില്ല. ജയിലിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ സന്തോഷപൂര്‍വം സ്വീകരിച്ച് ജയിലില്‍ പോകും. കേസും കോടതിയും തന്നെ സംബന്ധിച്ച് പുത്തരിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മിച്ചഭൂമി സമരത്തില്‍ 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന ആളാണ് താന്‍. വേറെയും റിമാന്‍ഡും തടവുശിക്ഷയും ഉണ്ടായിട്ടുണ്ടെന്നും ബാലന്‍ പറഞ്ഞു.







