മുംബൈ: ശസ്ത്രക്രിയക്ക് വിധേയനായ യുവതാരം തിലക് വര്‍മയെ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍നിന്ന് ബി.സി.സി.ഐ ഒഴിവാക്കി. വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണ് വയറുവേദന അനുഭവപ്പെട്ട തിലകിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഡോക്ടര്‍മാര്‍ തിലകിന് 23 ആഴ്ച വിശ്രമം നിര്‍ദേശിച്ചതിന് പിന്നാലെയാണ് ബിസിസിഐ താരത്തെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്.
ജനുവരി ഏഴിന് രാജ്‌കോട്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് വര്‍മ വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു. ജനുവരി 21നാണ് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.
രാജ്യാന്തര ട്വന്റി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള തിലക് വര്‍മ, ടീമിലെ പ്രധാന ബാറ്റര്‍മാരിലൊരാളാണ്. ഏഷ്യ കപ്പ് ഫൈനലിലടക്കം ഇന്ത്യയുടെ വിജയ ശില്‍പിയായിരുന്നു. ലോകകപ്പിനു മുന്‍പ് താരം ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.







