ന്യൂഡല്‍ഹി: താജ്മഹലിലെ മുംതാസിന്റേയും ഷാജഹാന്‍ ചക്രവര്‍ത്തിയുടേയും കബറിടങ്ങള്‍ സൗജന്യമായി കാണാന്‍ സഞ്ചാരികള്‍ക്ക് അവസരം. ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ച് മൂന്ന് ദിവസമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ഉറൂസ് ദിനങ്ങളില്‍ മാത്രമാണ് ഷാജഹാന്റെയും മുംതാസിന്റെയും യഥാര്‍ത്ഥ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്ന ഭൂഗര്‍ഭ അറ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ജനുവരി 15, 16, 17 തീയതികളിലാണ് സഞ്ചാരികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കുന്നത്. ജനുവരി 15,16 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതലും ജനുവരി 17ന് മുഴുവന്‍ ദിവസവും പ്രവേശനം സൗജന്യമായിരിക്കും.
സാധാരണയായി ഇന്ത്യക്കാര്‍ക്ക് താജ്മഹല്‍ കോമ്പൗണ്ടില്‍ കടക്കാന്‍ 50 രൂപയും പ്രധാന കബറിടം കാണാന്‍ 200 രൂപയുമാണ് നിരക്ക്. വിദേശികള്‍ക്ക് ഇത് 1100 രൂപ വരെയാണ്. നാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയതമ മുംതാസ് മഹലിനായി പണികഴിപ്പിച്ചതാണ് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍. സാധാരണ ദിവസങ്ങളില്‍ മുകള്‍ഭാഗത്തുള്ള കബറിടത്തിന്റെ മാതൃകകള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് കാണാനാവുക. എന്നാല്‍ ഉറൂസ് ദിനങ്ങളില്‍ ഭൂഗര്‍ഭ അറയിലെ യഥാര്‍ത്ഥ കബറിടങ്ങള്‍ കാണാം.
1632 ല്‍ ആണ് താജ്മഹലിന്റെ നിര്‍മാണം ആരംഭിച്ചത്. നൂറ്റാണ്ടുകളായി, ഈ സ്മാരകം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും മുഗള്‍ വാസ്തുവിദ്യാ മികവിന്റെയും പ്രതീകമാണ്. ഇന്ന്, ഇത് യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു.







