മംഗളൂരു: യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കാമുകൻ അറസ്റ്റിലായി. മൂഡ്‌ബിദ്രി സ്വദേശിനി നവ്യ( 20) ഗുരുപുര പുഴയിൽ ചാടി മരിച്ച സംഭവത്തിലാണ് ഗഞ്ചിമട്ടു സ്വദേശിയായ മനോജ് എന്ന മുരളി പൂജാരി(24) അറസ്റ്റിലായത്. ജ്വല്ലറി ജീവനക്കാരിയായ നവ്യ രണ്ടുദിവസം മുമ്പാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയ മനോ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ മനോജിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് നവ്യയും മനോജും പരിചയപ്പെട്ടത്. സൗഹൃദം ഒടുവിൽ പ്രണയബന്ധമായി മാറി. വിവാഹ വാഗ്ദാനം മനോജ് നൽകിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ജാതിയുടെ പേരിൽ മനോജ് യുവതിയെ ഒഴിവാക്കാൻ ശ്രമിച്ചു എന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. മരണക്കുറിപ്പിൽ പരാമർശിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത ബാജ്‌പെ പൊലീസ് തുടർന്ന് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.







