ന്യൂയോര്‍ക്ക്: ഏഴ് വയസ്സിനുള്ളില്‍ ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളും സഞ്ചരിച്ച് അപൂര്‍വനേട്ടം സ്വന്തമാക്കി വന്യര്‍ മക്ഗ്രോ എന്ന കൊച്ചുപയ്യന്‍. അമേരിക്കക്കാരായ ജോര്‍ഡി ലിപ്പെ-മക്ഗ്രോയുടേയും റോസ് മക്ഗ്രോയുടേയും മകനാണ് വന്യര്‍ മക്ഗ്രോ. സമപ്രായക്കാരായ കുട്ടികള്‍ കളിപ്പാട്ടങ്ങളുമായി കളിച്ചുനടക്കുമ്പോഴാണ് വന്യര്‍ മാതാപിതാക്കളോടൊപ്പം ഭൂഖണ്ഡങ്ങള്‍ ചുറ്റിക്കറങ്ങി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മകന് ഏഴു വയസ്സാകുന്നതിന് മുമ്പ് ഏഴ് ഭൂഖണ്ഡങ്ങളും സന്ദര്‍ശിക്കണമെന്ന മാതാപിതാക്കളുടെ നിശ്ചയദാര്‍ഢ്യമാണ് ഇതിന് പിന്നില്‍.
തങ്ങളുടെ ഓരോ യാത്രയും വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളും പ്രകൃതി ഭംഗിയും അടുത്തറിഞ്ഞുള്ളതായിരുന്നു. മകന് അഞ്ച് വയസ്സുള്ളപ്പോഴാണ് അഞ്ച് ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ചത്. ഇതോടെയാണ് ഏഴു വയസ്സാകുമ്പോഴേക്കും ഏഴു ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആശയം ഇവര്‍ക്കുണ്ടാകുന്നത്. പിന്നീട് അതിന് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു.
2018 ല്‍ എട്ട് ആഴ്ച പ്രായമുള്ളപ്പോഴാണ് വന്യര്‍ പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുന്നത്. രണ്ടുവയസ്സിനിടെ കരീബിയന്‍ ദ്വീപുകള്‍, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നുവയസ്സിനിടെ കോസ്റ്റാറിക്ക, ദുബായ് എന്നീ രാജ്യങ്ങളും നാലാം വയസ്സില്‍ സാംബിയയും സന്ദര്‍ശിച്ചു. അഞ്ചു വയസ്സ് തികയുന്നതിന് മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്വിറ്റ് സര്‍ലന്‍ഡ്, സ്‌കോട്ട് ലന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ഗാലപ്പഗോസ് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു.
തുടര്‍ന്ന് ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളും സന്ദര്‍ശിച്ചു. നവംബറില്‍, അന്റാര്‍ട്ടിക്കയിലൂടെ അവസാന ഭൂഖണ്ഡത്തിലും എത്തി. ഹിമപാളികള്‍ നിറഞ്ഞ അന്റാര്‍ട്ടിക്കയിലെ യാത്രയായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് വന്യറുടെ കുടുംബം പറയുന്നു.
കൊച്ചു കുഞ്ഞുമായി ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആദ്യ കാലങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് വന്യറുടെ മാതാപിതാക്കള്‍ ഓര്‍ക്കുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. മകന്‍ വലുതായതോടെ പഠനത്തിന് പ്രാധാന്യം നല്‍കി. അവധി കാലങ്ങളിലായി യാത്ര. ഓരോ യാത്രയും അവന് ഓരോ അനുഭവങ്ങളായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
വന്യറുടെ ഓരോ സാഹസികതകളും മാതാപിതാക്കളായ ജോര്‍ഡി ലിപ്പെ-മക്ഗ്രോയും റോസ് മക്ഗ്രോയും കൃത്യമായി രേഖപ്പെടുത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വന്യറുടെ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കൊച്ചു പ്രായത്തില്‍ നേടിയ ഈ അപൂര്‍വനേട്ടം ലോകമെമ്പാടുമുള്ള യാത്രാപ്രേമികള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഈ കൊച്ചു സഞ്ചാരിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.







