മുംബൈ: അടിവയറിന് പരിക്കേറ്റ ഇന്ത്യന്‍ താരം തിലക് വര്‍മ്മ ശസ്ത്രക്രിയയ്ക്ക് വിധേയനായി. 2026 ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്കിടെയാണ് താരത്തിന്റെ പരിക്ക്. ഇത് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ശസ്ത്രക്രിയക്ക് ശേഷം താരം സുഖം പ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. എങ്കിലും മൂന്ന്- നാല് ആഴ്ചത്തെ വിശ്രമം ആവശ്യമാണ്.
രാജ്‌കോട്ടില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിനിടെയാണ് 23 കാരനായ ഇടംകൈയ്യന്‍ ബാറ്റ്‌സ് മാന് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടത്. ഗോകുല്‍ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗിലാണ് വൃഷണ സഞ്ചിയില്‍ വളവുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരി 21 മുതലാണ് ആരംഭിക്കുന്നത്. സ്വന്തം നാട്ടില്‍ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്നതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന മത്സരമാണിത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയുടെ ടി20 മത്സരങ്ങളില്‍ തിലക് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2025 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ പുറത്താകാതെ 69 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ കിരീടം നേടാന്‍ സഹായിച്ചു.
തിലക് വര്‍മ്മ ആശുപത്രിയിലായതോടെ ശ്രേയസ് അയ്യര്‍ പകരക്കാരനായി ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ശുഭ്മാന്‍ ഗില്ലിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗില്ലിനെ ടീമിലുള്‍പ്പെടുത്തിയശേഷം പ്ലേയിങ് ഇലവനില്‍ കളിപ്പിക്കാതിരിക്കാനാവില്ല. പരമ്പരയ്ക്കിടയില്‍ തിലക് തിരിച്ചെത്തിയാലും ഗില്ലിനെ പുറത്താക്കേണ്ടി വരും. ഈ ആ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം.
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ഏകദിന ടീമില്‍നിന്ന് തിലകിനെ ഒഴിവാക്കിയിരുന്നു. അതേസമയം, ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരുക്ക് പൂര്‍ണമായും ഭേദമായെന്നും കളിക്കാന്‍ ഫിറ്റാണെന്നും സിഒഇ മെഡിക്കല്‍ ടീം അറിയിച്ചു. ഹിമാചല്‍ പ്രദേശിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ മുംബൈയ്ക്കു വേണ്ടി ശ്രേയസ് 53 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താരം ഫിറ്റ് ആണെന്ന് മെഡിക്കല്‍ ടീം അറിയിച്ചത്.







